ശുദ്ധീകരണം അനിവാര്യമായ ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ പ്രക്രിയ

തെരഞ്ഞെടുപ്പ്‌ രംഗം കൂടുതല്‍ പരിഷ്‌കരിക്കേണ്ടത്‌ ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ അനിവാര്യമാണ്‌.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ രാഷ്‌ട്രീയകക്ഷികള്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ്‌ ഇന്നുള്ളത്‌. പാര്‍ട്ടികള്‍ തീരുമാനിക്കുന്നു; നാം വോട്ടു ചെയ്യുന്നു. ഈ അവസ്ഥ മാറണം. മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്‌ തയ്യാറാക്കി പാര്‍ട്ടികള്‍ക്കിടയില്‍ വോട്ടെടുപ്പ്‌ നടത്തി അതില്‍ വിജയിക്കുന്നവരെ വേണം രാഷ്‌ട്രീയകക്ഷികള്‍ രംഗത്തിറക്കാന്‍.
സംവരണമെന്ന സംവിധാനം തെരഞ്ഞെടുപ്പില്‍ നിന്നും പാടെ ഒഴിവാക്കണം. വനിതാസംവരണവും ജാതിസംവരണവും ജനാധിപത്യ സങ്കല്‌പത്തിന്‌ ഭൂഷണമല്ല.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കുമ്പോള്‍ ഒന്നിലേറെ പത്രികകള്‍ സ്വീകരിക്കാറുണ്ട്‌. ഒരു പരീക്ഷയ്‌ക്കും ഒന്നിലേറെ അപേക്ഷ സ്വീകരിക്കാറില്ലെന്നിരിക്കെ തെരഞ്ഞെടുപ്പില്‍ പത്തും പതിനഞ്ചും പത്രിക സ്വീകരിക്കുന്നത്‌ ഒഴിവാക്കണം.

ഒരു സ്ഥാനാര്‍ത്ഥി തനിക്ക്‌ തെരഞ്ഞെടുപ്പിനായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക്‌ നല്‍കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. രാഷ്‌ട്രീയകക്ഷി സ്ഥാനാര്‍ത്ഥികള്‍ ഡമ്മി എന്ന ഓമനപ്പേരില്‍ രണ്ടും മൂന്നും പേരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്ന ഏര്‍പ്പാട്‌ നിലവിലുണ്ട്‌. ഈ ഡമ്മി സ്ഥാനാര്‍ത്ഥിക്ക്‌ ലഭിക്കുന്ന പോളിംഗ്‌ ഏജന്റ്‌, കൗണ്ടിംഗ്‌ ഏജന്റ്‌, വാഹന പാസ്‌ തുടങ്ങിയ ആനുകൂല്യങ്ങള്‍ രാഷ്‌ട്രീയ കക്ഷികള്‍ വിനിയോഗിക്കുന്നത്‌ ദുരുപയോഗമായി കണക്കാക്കി നല്‍കുന്ന സ്ഥാനാര്‍ത്ഥിയേയും , സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥിയേയും അയോഗ്യരാക്കണം.

പൊതുവാഹനങ്ങളില്‍ ( ഓട്ടോറിക്ഷ, ബസ്‌ തുടങ്ങിയവയില്‍) സ്ഥാനാര്‍ത്ഥികള്‍ പ്രചരണ സമാഗ്രികള്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം. തെരഞ്ഞെടുപ്പിന്‌ നിശ്ചിത ദിവസത്തിനകം മത്സരിക്കുന്ന മണ്‌ഡലത്തിലേ എല്ലാ കേന്ദ്രങ്ങളിലും പ്രചരണം നടത്താന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കണം.
പോളിംഗ്‌ സ്റ്റേഷന്‌ 100 മീറ്റര്‍ മുന്നിലായി പോളിംഗ്‌ മിഷ്യന്റെ വലിയ മാതൃക വോട്ടര്‍മാര്‍ക്കായി സ്ഥാപിക്കണം.

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി സ്വമേധയാ സ്ഥാനം ഒഴിഞ്ഞാല്‍ പിന്നീട്‌ പ്രസ്‌തുത സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കുന്നതിന്‌ ആജീവാനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തണം. ഒഴിവുവരുന്ന സ്ഥാനത്തേയ്‌ക്ക്‌ പിന്നീട്‌ നടത്തുന്ന തെരഞ്ഞെടുപ്പ്‌ ചെലവ്‌ സ്ഥാനം ഒഴിഞ്ഞ വ്യക്തിയില്‍നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ടാവണം.

രാഷ്‌ട്രീയ കക്ഷികള്‍ വോട്ടറന്മാരെ തങ്ങള്‍ക്കിഷ്‌ടമുള്ള പ്രകാരം ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന നടപടി വ്യാപകമാണ്‌.കൂടാതെ ചില സ്ഥാപനങ്ങള്‍ കൂട്ടായി വോട്ടുകള്‍ ചേര്‍ക്കുകയും വിനിയോഗിക്കുന്നതും ചെയ്യുന്നത്‌ ജനാധിപത്യത്തിനു ചേര്‍ന്നതല്ല.പഞ്ചായത്ത്‌, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളെയും ചെറിയ വോട്ടിന്റെ വിജയങ്ങളെയും തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ ഇത്തരം നടപടികള്‍ ഇടയാക്കുന്നുണ്ട്‌. അതുകൊണ്ട്‌ വോട്ടറുടെ സ്ഥിരമേല്‍വിലാസത്തില്‍മാത്രം വോട്ടവകാശം വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണം.

ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളെ ഭരിക്കുന്നതാണ്‌ ജനാധിപത്യം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത രാജ്യസഭാംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതും ജനാധിപത്യവിരുദ്ധമാണ്‌.

Pin It

Leave a Reply

Your email address will not be published. Required fields are marked *