മാസ്റ്റര്‍ പ്ലാന്‍: നഗരസഭാ വിശദീകരണം സുതാര്യമല്ലെന്ന് കര്‍മ്മസമിതി

പാലാ: പാലാ നഗരസഭയുടെ പുതിയ മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചു അധികൃതരുടെ വിശദീകരണങ്ങള്‍ സുതാര്യമല്ലെന്നു പാലായിലെ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചു പരാതികള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുമ്പോഴും മാസ്റ്റര്‍ പ്ലാനിന്റെ മലയാള പരിഭാഷ ലഭ്യമല്ല. ഗുണ-ദോഷങ്ങള്‍ മനസ്സിലാക്കാതെ എങ്ങനെ പരാതി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കണം. വാര്‍ഡുസഭകളില്‍ മാസ്റ്റര്‍ പ്ലാന്‍ വിശദീകരണം എന്നു പറയുന്നുണ്ടെങ്കിലും ഇതു പ്രഹസനം മാത്രമാണ്. ഓരോ വാര്‍ഡിലും നഗരസഭയില്‍ മൊത്തത്തിലും നടപ്പാകുന്ന കാര്യങ്ങളൊന്നും വിശദീകരണത്തില്‍ പറയുന്നില്ല. മാസ്റ്റര്‍ പ്ലാന്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്ന് 2014-ല്‍ നഗരസഭാ പ്രമേയം പാസ്സാക്കിയെങ്കിലും ഇതുവരെ നടപ്പാക്കാത്തതിനെക്കുറിച്ചു അധികൃതര്‍ വ്യക്തമാക്കണം. മലയാളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ കൗണ്‍സിലര്‍മാര്‍ക്ക്‌പോലും ഇക്കാര്യത്തില്‍ അജ്ഞതയുണ്ട്.

നഗരസഭയുടെ വെബ്‌സൈറ്റില്‍ കരട് മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിച്ചശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ഇതേക്കുറിച്ച് നഗരവാസികള്‍ അറിയുന്നത്. നഗരവാസികളെട ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്നത് ദുരൂഹമാണ്.
സുതാര്യമായി നടപ്പാക്കുന്നതാണെങ്കില്‍ പൊതുജനസഹകരണത്തോടെയാവണം. നഗരസഭയുടെ വികസനത്തിനുവേണ്ടി നഗരവാസികളെ കഷ്ടപ്പെടുത്താതെയുള്ള പദ്ധതികളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാണ്.
മാലിന്യസംസ്‌കരണ സംവിധാനം, മാലിന്യമില്ലാത്ത ഓട, നഗരത്തിലെത്തുന്നവര്‍ക്കുള്ള ശുചിമുറികള്‍, പാര്‍ക്കിംഗ് സംവിധാനം, അറവുശാല ഉള്‍പ്പെടെ അത്യാവശ്യമായി വേണ്ടുന്ന യാതൊന്നുമില്ലാത്ത നഗരസഭ ആദ്യം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
പൊതുജനത്തെ കബളിപ്പിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുകയില്ലെന്നും സുതാര്യമായി ജനത്തെ വിശ്വാസത്തിലെടുത്ത് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നാല്‍ സഹകരിക്കുമെന്നും യോഗം വ്യക്തമാക്കി. ഇതിനായി കര്‍മ്മസമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബേബി ആനപ്പാറ, തോമസ് ടി. എബ്രാഹം, ജോസി മുകാല, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Pin It

Leave a Reply

Your email address will not be published. Required fields are marked *