മാസ്റ്റര്‍ പ്ലാനിന്റെ മലയാള പരിഭാഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ പ്രതിഷേധം

പാലാ: നഗരസഭയുടെ വിവാദമായ മാസ്റ്റര്‍ പ്ലാന്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ പ്രതിഷേധം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.
നഗരസഭ നടപ്പാക്കാന്‍ പോകുന്ന മാസ്റ്റര്‍ പ്ലാനിന്റെ കരട് നഗരസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭരണഭാഷയായ മലയാളത്തില്‍ കരടുപ്ലാന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് എബി പ്രതിഷേധസമരം നടത്തിയത്.
വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്നും സാധാരണക്കാര്‍ ഇതേക്കുറിച്ച് മനസ്സിലാക്കരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് മലയാള പരിഭാഷ ഒഴിവാക്കിയതെന്നും എബി ആരോപിച്ചു. നഗരസഭാ വികസനത്തിനുതകുന്ന മാസ്റ്റര്‍ പ്ലാന്‍ ജനത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ നഗരസഭ മടിക്കുന്നതില്‍ ദുരൂഹതയുണ്ട്. പരാതികള്‍ നല്‍കണമെങ്കില്‍ മാസ്റ്റര്‍ പ്ലാന്‍ വ്യക്തമായി പഠിക്കേണ്ടതുണ്ട്. മലയാള പരിഭാഷ ലഭ്യമാക്കാതെ സാധാരണക്കാര്‍ക്ക് ഇതേക്കുറിച്ച് മനസിലാക്കാനാവില്ല. നഗരസഭയുടെ ഉദ്ദേശശുദ്ധിയില്‍ നഗരവാസികള്‍ക്ക് സംശയം ജനിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയാണ്. അപാകത നിറഞ്ഞ മാസ്റ്റര്‍ പ്ലാനിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എബി ജെ. ജോസ് പറഞ്ഞു.

Pin It

Leave a Reply

Your email address will not be published. Required fields are marked *