ഭാരതത്തെ കോര്‍പ്പറേറ്റുകള്‍ ചൂഷണം ചെയ്യുന്നു: ദയാബായി

പാലാ: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോര്‍പ്പറേറ്റുകള്‍ നമ്മെ ചൂഷണം ചെയ്യുകയാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി അഭിപ്രായപ്പെട്ടു. ഇത്തരം ചൂഷണങ്ങളെ നാം പ്രോത്സാഹിപ്പിക്കുകയാണെന്നും ദയാബായ് പറഞ്ഞു. കെ.സി.വൈ.എം. പാലാ രൂപതാ വനിതാ പ്രതിനിധി സമ്മേളനം ‘പ്രതിഭ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പലപ്പോഴും ഇന്ത്യയെ നാം രണ്ടായി വിഭജിക്കപ്പെടുന്നു. ഇന്ത്യ എന്നും ഭാരതമെന്നും. നമ്മുടെ കൃഷി സമ്പ്രദായങ്ങള്‍ നാം തിരിച്ചു കൊണ്ടുവരണമെന്നും കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ദൈവം ദരിദ്രനെക്കുറിച്ച് ആകുലതയുള്ളവനാണ്. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സഹതപിക്കാതെ അവരെ സഹായിക്കുന്നവരാകാന്‍ നമുക്ക് കഴിയണമെന്നും ദയാബായി നിര്‍ദ്ദേശിച്ചു. ദരിദ്രനില്‍ ഒന്നാകുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സുവിശേഷവും ഭരണഘടനയും ആയുധങ്ങളായി സൂക്ഷിക്കുന്ന സ്ത്രീയാണ് ദയാബായിയെന്ന് ചടങ്ങില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സാമൂഹികതിന്മകളോട് ധീരമായി പ്രതികരിക്കാന്‍ ഈ ആയുധങ്ങളാണ് അവരെ സഹായിക്കുന്നത്. തൊഴിലില്ലായ്മ വിവേചനം, എന്‍ഡോസള്‍ഫാന്‍, കര്‍ഷക പ്രശ്‌നങ്ങള്‍, കുടിയിറക്ക് തുടങ്ങിയ പ്രശ്‌നങ്ങളോട് എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കാമെന്ന് ദയാബായി നമ്മെ പഠിപ്പിക്കുന്നു. നിയമം അവഗണിക്കാതെ അതിനെ മനുഷ്യന്‌വേണ്ടി അവര്‍ വ്യാഖ്യാനിക്കുന്നു. സുവിശേഷവും ഭരണഘടനയും കയ്യിലേന്തി സത്യവും നീതിയും സ്വാതന്ത്ര്യവും ഉയര്‍ത്തിപിടിക്കുവാന്‍ സ്ത്രീകള്‍ തയ്യാറാകണം. ഭരണഘടനയാണ് നമ്മെ പൗരന്മാരാക്കുന്നത്. പണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുന്നതാണ് അഴിമതിക്ക് കാരണമെന്നും ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. ഭരണഘടന ഉറപ്പു നല്‍കുന്ന വോട്ടവകാശം നാം വിനിയോഗിക്കണമെന്നും ബിഷപ്പ് പറഞ്ഞു. രൂപതാ വൈസ് പ്രസിഡന്റ് അഞ്ജു ട്രീസാ അധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, ഫാ. ജേക്കബ്ബ് താന്നിക്കപ്പാറ, കെ.സി.വൈ.എം. പാലാ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, , മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, സിസ്റ്റര്‍ ആഗ്നസ്, പ്രസിഡന്റ് ജിനു മുട്ടപ്പള്ളില്‍, നീതു കെ. ജോസ്, അഞ്ജന സന്തോഷ്, ആന്‍മരിയ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ ജോണ്‍, ജോണ്‍സ് ജോസ്, അമല്‍ ജോര്‍ജ്, സിജി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി.വൈ.എം.ന്റെ ഉപഹാരം ദയാബായിക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. പോള്‍ വോള്‍ട്ട് താരം മരിയ ജയ്‌സനെ ചടങ്ങില്‍ അനുമോദിച്ചു. സ്ത്രീകളും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തില്‍ നിഷ ജോസ് ക്ലാസ് നയിച്ചു. ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ റെക്ടര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വി. കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി.
സമ്മേളനത്തിന് ഒരു മണിക്കൂര്‍ മുമ്പ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി, ചെരുപ്പുധരിക്കാതെ വേദിയില്‍ കയറി ദയാബായി യോഗങ്ങള്‍ക്ക് മാതൃകയേകി. ചടങ്ങില്‍വച്ച് പെണ്‍കുട്ടികളോടൊത്ത് ഗെയിം നടത്തിയും പാട്ടുപാടിയും വ്യത്യസ്തത പുലര്‍ത്തി.

Pin It

Leave a Reply

Your email address will not be published. Required fields are marked *