നഗരസഭയുടെ മാലിന്യം പൊതു ഇടത്തില്‍ ദുരിതം സൃഷ്ടിക്കുന്നു

പാലാ: മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്ന നഗരസഭയുടെ മൂക്കിനു കീഴെ കക്കൂസ് മാലിന്യം പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടിയില്ല. നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലെക്‌സിനു പിന്നിലാണ് കക്കൂസ് മാലിന്യമടക്കം പൊട്ടിയൊലിച്ചു കുളമായി കിടക്കുന്നത്. ഇവിടെ കച്ചവടത്തിനായി നഗരസഭ മുറികള്‍ വാടകയ്ക്കു കൊടുത്തിട്ടുമുണ്ട്. ഉപഭോക്താക്കളും വ്യാപാരികളും മൂക്കുപൊത്തിയാണ് ഇവിടെ വരുന്നത്. കക്കൂസ് മാലിന്യമുള്‍പ്പെടെ ചെളിയില്‍ പൊതിഞ്ഞു കിടക്കുന്ന ഈ ഭാഗത്ത് എത്തുന്നവര്‍ കാല്‍ തെറ്റിയാല്‍ മാലിന്യത്തില്‍ വീഴുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസം ഇവിടെ ഒരു സ്ഥാപനത്തിലെത്തിയ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കാല്‍തെറ്റി മാലിന്യത്തില്‍ വീണിരുന്നു. ഇതിനെതിരെ പരാതി കൊടുത്തെങ്കിലും ഇതേവരെ നടപടിയൊന്നുമെടുത്തിട്ടില്ല. നഗരസഭാ കാര്യാലയത്തോടു ചേര്‍ന്ന കക്കൂസിലെ മാലിന്യം സേപ്റ്റിടാങ്ക് പോലുമില്ലാതെ പൈപ്പിലൂടെ ഒഴുക്കിവിടുകയാണെന്നും എബി ആരോപിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനം നഗരസഭയുടെ ചുമതലയാണെങ്കിലും ഇതിന്റെ പേരില്‍ സാധാരണക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന നഗരസഭ സ്വന്തം മാലിന്യം പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുകയാണ്. അടിയന്തിരമായി ഇതിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ മാലിന്യം നഗരസഭയില്‍ എത്തിച്ച് പ്രതിഷേധിക്കുമെന്ന് എബി ജെ. ജോസ് മുന്നറിയിപ്പ് നല്‍കി.

Pin It

Leave a Reply

Your email address will not be published. Required fields are marked *