തിരുവനന്തപുരത്തെ കായിക തലസ്ഥാനമാക്കണം: റൂറല്‍ ഒളിംപിക് അസോസിയേഷന്‍

കോട്ടയം: കായിക കേരളത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരത്തെ പ്രഖ്യാപിക്കണമെന്ന് റൂറല്‍ ഒളിംപിക് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, അന്താരാഷ്ട്ര നീന്തല്‍ സമുച്ചയം, എല്‍.എന്‍.സി.പി. ഇന്‍സ്റ്റിറ്റ്യൂട്ട്, വെള്ളായണി കാര്‍ഷിക കോളേജ് സ്റ്റേഡിയം തുടങ്ങി നിരവധി സ്റ്റേഡിയങ്ങളുടെയും കായിക ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും മുഖ്യകേന്ദ്രമാണ് തിരുവനന്തപുരം. ഒപ്പം റെയില്‍, വിമാന, ബസ് യാത്രാ സൗകര്യവും തിരുവനന്തപുരത്തിനുണ്ട്.

ഗ്രാമീണ കായിക ഇനങ്ങളായ കബഡി, ഖോ-ഖോ, വടംവലി, തലപ്പന്ത് കളി, കുട്ടിയുംകോലും കളി, ഗോലികളി തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനായി കായിക അക്കാദമികള്‍ രൂപീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഗ്രാമീണ കായിക മത്സരങ്ങളെ ഓണം, കേരളോത്സവം പോലുള്ള ആഘോഷങ്ങളുടെ ഭാഗമാക്കാന്‍ നടപടി സ്വീകരിക്കണം. നിലച്ചുപോയതും നിലച്ചുപോകാന്‍ സാധ്യതയുള്ളതുമായ കേരളത്തിന്റെ തനതു ഗ്രാമീണ കായിക ഇനങ്ങളെ കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനായി ഒരു സമിതി രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കായികരംഗത്തെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം കാണുന്നതിനായി കായിക അസോസിയേഷനുകളുടെയും കായിക വിദഗ്ദ്ധരുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ആര്‍. അജിരാജകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എബി ജെ. ജോസ്, ജോസ് പാറേക്കാട്ട്, അഡ്വ. എം. സൈഫുദ്ദീന്‍, അനൂപ് ചെറിയാന്‍, ഷിബു കുമാര്‍ കെ, എം.പി. ഹെലന്‍ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
റൂറല്‍ ഒളിംപിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍. അജിരാജകുമാര്‍ (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറിയായി എബി ജെ. ജോസ് (കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു.
ജോസ് പാറേക്കാട്ട് (വൈസ് പ്രസിഡന്റ്), അനൂപ് ചെറിയാന്‍, ബിനു പെരുമന (ജോയിന്റ് സെക്രട്ടറി), ഷിബുകുമാര്‍ കെ. (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Pin It

Leave a Reply

Your email address will not be published. Required fields are marked *