ഉപരാഷ്ട്രപതിയുമായി സംവദിച്ച ആവേശവുമായി വിദ്യാര്‍ത്ഥി സംഘം

കൊച്ചി: രാഷ്ട്ര നായകരിലൊരാളായ ഉപരാഷ്ട്രപതിയെ നേരില്‍ കാണുകയും അദ്ദേഹവുമായി സംവദിക്കാന്‍ സാധിക്കുകയും ചെയ്ത ആവേശത്തിലാണ് പാലായിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍.

 പാലാ ചാവറ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ തോമസ് പോള്‍ ഇമ്മട്ടി, ബെന്‍സണ്‍ ബെന്നി, ദിയ ആന്‍ ജോസ്, ജോസഫ് കുര്യന്‍, ഇവാന എല്‍സ ജോസ് എന്നിവരാണ് ഗസ്റ്റ് ഹൗസില്‍ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

 കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘മീറ്റ് ദ നാഷണല്‍ ലീഡേഴ്‌സ്’ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായുള്ള വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച. തന്നെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികളോടു പേരും പാഠ്യവിവരങ്ങളും ആരാഞ്ഞ ഉപരാഷ്ട്രപതി വിദ്യാര്‍ത്ഥി സമൂഹം തങ്ങളുടെ അറിവുകള്‍ രാജ്യപുരോഗതിക്കായി വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ദേശാഭിമാനവും സേവനതത്പരതയും ഉള്ള വിദ്യാര്‍ത്ഥികളാണ്  നാളെയുടെ പ്രതീക്ഷ. ആത്മവിശ്വാസത്തോടെ പഠിച്ചാല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച വെങ്കയ്യ നായിഡു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

 കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, ചെയര്‍മാന്‍ എബി ജെ. ജോസ്, ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ, സാംജി പഴേപറമ്പില്‍, നിഷ മജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടു തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടം വെങ്കയ്യ നായിഡുവിന് സമ്മാനിച്ചു. അരമണിക്കൂര്‍ സമയം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവൊഴിച്ച ഉപരാഷ്ട്രപതി ഓട്ടോഗ്രാഫുകളും നല്‍കിയാണ് വിദ്യാര്‍ത്ഥികളെ  യാത്രയാക്കിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയും സന്നിഹിതനായിരുന്നു.

Pin It

Leave a Reply

Your email address will not be published. Required fields are marked *