ആംബുലന്‍സ് വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് പരാതി

പാലാ: നഗരത്തില്‍ പത്തിലേറെ ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത്യാവശ്യത്തിനു വിളിച്ചാല്‍ ആരെയും കിട്ടുന്നില്ലെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ക്കും മോട്ടോര്‍ വാഹന അധികൃതര്‍ക്കും പരാതി നല്‍കി.

കഴിഞ്ഞ ദിവസം പാലായില്‍നിന്നും ഒരു രോഗിയെ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകാന്‍ വിവിധ ആംബുലന്‍സ് സര്‍വ്വീസുകളെ വിളിച്ചിട്ടും ഒരു മണിക്കൂറിനുശേഷമാണ് ഒരാളെ കിട്ടിയത്. പാലാ താലൂക്ക് ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകള്‍ ഉണ്ടെങ്കിലും ഇവരും കയ്യൊഴിയുകയായിരുന്നു. ആംബുലന്‍സ് വിളിച്ചാല്‍ ചിലര്‍ ഓട്ടത്തിലാണെന്ന മറുപടിയാവും നല്‍കുക. ഗവണ്‍മെന്റാശുപത്രിയിലാകട്ടെ തിരക്കാണെന്നും പറഞ്ഞു ഫോണ്‍ കട്ടാക്കകുകയും ചെയ്യും. കിസ്‌കോ ബാങ്കിന്റെ ആംബുലന്‍സിനായി വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പാലാ മുനിസിപ്പാലിറ്റിയിലെയും അവസ്ഥ ഇതുതന്നെയാണ്. സ്വകാര്യ-സന്നദ്ധസംഘടനകളുടെയും ആംബുലന്‍സുകള്‍ നിരവധിയുണ്ടെങ്കിലും അത്യാവശ്യക്കാരനു പ്രയോജനപ്പെടാത്ത അവസ്ഥയാണുള്ളത്. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

Pin It

Leave a Reply

Your email address will not be published. Required fields are marked *